ഒരു മാട്രിമോണി കഥ


ഒരു ഓഗസ്റ്റ്‌ മാസം...തിരുമാന്ധാംകുന്നു ക്ഷേത്രത്തില്‍ മംഗല്യ പൂജക്കായി വന്നിരുന്ന നൂറോളം കന്യകമാരില്‍ ഒരുവളായി ഞാനും ഗണപതിയുടെ മുന്‍പില്‍ തൊഴുകൈയോടെ നിന്നു. വിവാഹത്തിന്‍റെ ആദ്യ പടി എന്ന് പറയാവുന്ന ആ ദിവസത്തില്‍  അങ്ങനെ കൈകൂപ്പി നില്‍ക്കുമ്പോള്‍ എന്‍റെ മകള്‍ക്ക് നല്ലൊരു ആലോചന വരനെ കൊടുക്കണേ ഈശ്വരാ എന്ന് അമ്മ പ്രാര്‍ഥിച്ചു കാണണം. അടുത്ത വര്‍ഷ൦ ഇതേ ദിവസം ഇവിടെ വരുമ്പോള്‍ എന്തെങ്കിലും ഒരു മാറ്റം ജീവിതത്തില്‍ ഉണ്ടാവും എന്ന് ഞാന്‍ കരുതിയിരുന്നോ? അറിയില്ല. . . ഞാന്‍ പ്രാര്‍ഥിക്കുക മാത്രം ചെയ്തു ആര്‍ക്കു വേണ്ടിയെന്നോ എന്തിനു വേണ്ടിയെന്നോ അറിയാതെ
2 മാസങ്ങള്‍ക് ശേഷം വിവാഹ പരസ്യം രജിസ്റ്റര്‍ ചെയ്യാനായി മാട്രിമോണി ഓഫീസിലേക്ക്. ആദ്യമൊക്കെ ഒരു തര൦ കോമഡി ആയിരുന്നു. ഫുള്‍സ്കാപ്‌ ഫോട്ടോ എടുപ്പ്, പ്രൊഫൈല്‍ മോടി പിടിപ്പിക്കല്‍,  ഭാവി വരനെ കുറിച്ചുള്ള കാഴ്ചപാടുകള്‍, മൊത്തത്തില്‍ എന്നെ കുറിച്ചുള്ള ഒരു BROCHURE രചന. പെണ്ണ് കാണല്‍ പരിപാടി ഒക്കെ വളരെ ചീപ് ആണെന്ന് അമ്മയോട് പറയാറുണ്ടായിരുന്നു. മാട്രിമോണിയില്‍ പ്രൊഫൈല്‍ ഇട്ടതോടെ പിന്നെ സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റ്‌സിനോടുള്ള താല്‍പ്പര്യം കുറഞ്ഞു. ഒരു ഓണ്‍ലൈന്‍ വായിനോക്കല്‍ പ്ലാട്ഫോം ആണല്ലോ മാട്രിമോണി. എന്തായാലും കുറെ എണ്ണം ആദ്യത്തെ 2-3 ദിവസത്തില്‍ തന്നെ വന്നു...കുറെ പുതിയ മുഖങ്ങള്‍, പുതിയ പേരുകള്‍, വിവിധ ആങ്കിളില്‍ ഉള്ള ജെന്റില്‍ മാന്‍ സ്നാപ്പ്സ്‌ ഒക്കെ നോക്കി വെറുതെ സ്ക്രോള്‍ ചെയ്തു ടൈം പാസ്സ് പോലെ കൊണ്ട് നടന്നു
പിന്നെ പിന്നെ അമ്മയുടെം അച്ഛന്ടെം നിര്‍ബന്ധം കൂടി വന്നപ്പോള്‍ ലേശം ഗൌരവമായി കണ്ടു തുടങ്ങി. കുടുംബം, ജോലി, സ്വഭാവം, നാള്‍, പക്കം ഒക്കെ നോക്കി ഫില്‍റ്റര്‍ ചെയ്തു ഫില്‍റ്റര്‍ ചെയ്തു മാട്രിമോണി കാണുന്നത് വെറുത്തു തുടങ്ങി. ആയിടെയാണ് ഒരു പ്രൊഫൈല്‍ കാണുന്നത്. ഞാന്‍ പഠിച്ച കോളേജ്, ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം ആണ്  സ്വദേശം, കാണാനും തരക്കേടില്ല.
'അമ്മേ ഇതാ ഇയാള് കൊള്ളാം, എനിക്കിത് മതി'
പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു, മാട്രിമോണിയില്‍ നിന്നും നമ്പര്‍ കിട്ടുന്നു, അച്ഛന്‍ അങ്ങോട്ട്‌ വിളിക്കുന്നു. അവിടുന്ന് അച്ഛനും അമ്മയും അനിയന്മാരും  കാണാന്‍ വരുന്നു, അവര്‍ക്കിഷ്ടമാവുന്നു. ഇനി കുട്ടികള്‍ തമ്മില്‍ കാണട്ടെ എന്ന് തീരുമാനം. വേണം ആര്‍ക്ക് വേണ്ടെങ്കിലും എനിക്കു കാണണം!
ഒരു ദിവസം ഫേസ്ബുക്കില്‍ ഫേസ് തപ്പി നടക്കുമ്പോള്‍ ആണ് ഒരു ഫ്രണ്ട് റിക്വസ്റ്റ്. .അതെ ശ്രീഹരി തന്നെ. . .രണ്ടോ മൂന്നോ മ്യൂച്വല്‍ ഫ്രെണ്ട്സ് ഉണ്ടെങ്കില്‍ ആരെയും ധൈര്യമായി ആട് ചെയ്യുന്ന എനിക്ക് ഇവിടെ പതറി. അമ്മയോട് അനുമതി ചോദിച്ചിട് വേണ്ടി വന്നു അത് കണ്‍ഫേം ചെയ്യാന്‍. അപ്പോഴും ഒരു hi പറയാന്‍ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. ആ പച്ച ലൈറ്റ്‌ എന്റെ സ്വൈര്യം കെടുത്തികൊണ്ടേ ഇരുന്നു. 
ഒരു ദിവസം!,
hi
hi :)
ariyumo?
2-3 days aayittu ariyam :)
good answer
:)
ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിളില്‍ മാത്രം തടഞ്ഞു നിന്ന ആ സംസാരങ്ങള്‍ അങ്ങനെ തുടങ്ങി. കുശാലാന്വേഷണങ്ങല്‍ക്കപ്പുറ൦ ഇഷ്ട്ടങ്ങളിലെക്കും പരിഭവങ്ങളിലെക്കും പിണക്കങ്ങളിലെക്കും ഞങ്ങളുടെ സംസാരങ്ങള്‍ കടന്നു ചെന്നു. അങ്ങനെ അങ്ങനെ..എന്തോ ഇന്നേ വരെ ഒരാളോടും തോന്നാത്ത ഒരു അടുപ്പം എനിക്ക് ഹരിയോട് തോന്നി തുടങ്ങി 
ഒരു ദിവസം ഞാന്‍ ചോദിച്ചു
what if you din like me after seeing??? 
"you are going to be with me "
പെണ്ണ് കാണല്‍ ചടങ്ങ്‌ പിന്നെയും ബാക്കി ആയിരുന്നു. ഏപ്രില്‍ മാസത്തില്‍ ഹരി വരും എന്ന് പറഞ്ഞ ദിവസം വിഷുവിന്‍റെ തലേന്ന് ഞങ്ങള്‍ ഗുരുവായൂര്‍ പോയി കണി കാണണം എന്ന് വിചാരിചിരിക്കുക ആയിരുന്നു. അപ്പോള്‍ ആണ് ആ ആശയം ഉരിതിരിഞ്ഞു വന്നത്. എന്തുകൊണ്ട് പെണ്ണ് കാണല്‍ ഗുരുവായൂര്‍ വച്ച് ആയികൂട. മുഷിഞ്ഞ ചായ കൊടുക്കല്‍ പരിപാടിയില്‍ നിന്നു രക്ഷപെട്ടല്ലോ എന്നോര്‍ത്ത് ഞാനും സന്തോഷിച്ചു. അങ്ങനെ ഗുരുവായൂരില്‍ കണ്ണന്‍റെ മുന്‍പില്‍ കൊടിമരത്തിന്‍റെ അടിയില്‍ വെച്ച് ആദ്യമായി ഞങ്ങള്‍ കണ്ടു!! ക്ഷേത്രത്തിനു ചുറ്റും നടന്നു സംസാരിച്ചു!
'എന്നെ ഇഷ്ടകുറവൊന്നും ഇല്ലല്ലോ അല്ലെ?'
'ഇല്ല'
'ഇനിയിപ്പോ നമ്മുടെ കഥയും തനിക്ക് എഴുതാമല്ലോ'
'ഉം'
കല്യാണം തീരുമാനം ആയാല്‍ ഉള്ള ഫേസ്ബുക്ക്‌ ട്രെന്‍ഡ് ഞാനും ഒഴിവാക്കിയില്ല. "in a relationship" എന്നാക്കി. ലൈകും കമ്മന്റും കണ്ടു ഞാന്‍ സന്തോഷിച്ചു .
കൂട്ടുകാരുടെ അന്വേഷണം 
'ആരാണ് കക്ഷി?'
this is the guy!!!
ഓരോത്തര്‍ക്കും ഓരോ അഭിപ്രായം
cool,he is smart!!
nice guy ;)
what did u find in him  neelu??
i did not like his looks
neelu you ill be happy with him :)
പിന്നെ ഒരാഴ്ച്ചക്കുള്ളില്‍ തീയതികള്‍ നിശ്ചയിചു
പച്ച ലൈറ്റ് കത്തുന്ന ചാറ്റ് ബോക്സില്‍ നിന്ന് 'എന്നോമാലെ എന് ശ്വാസമേ' എന്നാ റിംഗ് ടോനിലേക്ക്..
4 ദിവസം മുന്‍പ് വിവാഹ നിശ്ചയം കഴിഞ്ഞു തിരുമാന്ധാംകുന്നില്‍ രണ്ടാമത്തെ മംഗല്യ പൂജയും കഴിഞ്ഞു ഇനി അടുത്ത വര്ഷം ഓഗസ്റ്റ്‌ മാസത്തില്‍ മൂന്നാം പൂജക്കായി രണ്ടു പേരും ഒന്നിച്ചു! 
ഒരു നവംബറില്‍ തുടങ്ങി അടുത്ത നവംബര്‍ വരെ ഒരു വര്‍ഷം! ഈ കാലയളവില്‍ ഞങ്ങള്‍ പ്രണയിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ടാകാം there is a love story in every arranged marriage :) എന്ന് പറയുന്നത്
ഫേസ്ബുക്ക്‌ സ്റ്റാറ്റസ് engaged എന്നാക്കി. ലൈകും കമ്മന്റും പ്രവഹിച്ചു. സന്തോഷം. ഇനി married എന്നാക്കുമ്പോ നാലാള്‍ ആരിയുന്നു ഈ കുട്ടിയുടെ കല്യാണം കഴിഞ്ഞു എന്ന്. . . .കല്യാണവും പ്രണയവും ഒരു മൗസ് ക്ലിക്കില്‍ ലോകത്തെ അറിയിക്കുന്നു. ടെക്നോളജി ഒരുപാട് മുന്നേറിയ പോലെ.

ശുഭം
**********************************


നീലിമ


'നീലിമ'

      മണല്‍പ്പരപ്പില്‍ വലുതായി അവളുടെ പേരെഴുതി കഴിഞ്ഞ് അവന്‍ അതിലേക്കൊന്നു നോക്കി. ആ പേരിനു പോലും എന്തൊരു ഭംഗിയാണ്. ഇനി മടങ്ങി വരാത്ത ദിനങ്ങളില്‍ അവളെ ഒന്ന് വാരിപുണരാന്‍ കൊതിപ്പിച്ച ആ ഭംഗിക്ക് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ്  7ആം വയസില്‍ ഒരു അസാധാരണ ദിനത്തിലൊന്നുമല്ല ഞങ്ങള്‍ കണ്ടുമുട്ടിയത്. സൌഹൃദം എന്നത് ഒരു പുഴ ആണ്. രണ്ടു കൈവഴികളില്‍ നിന്ന് ഞങ്ങള്‍ അതിലേക്കു ഇറങ്ങി ഒരുമിച്ചു ഒഴുകി തുടങ്ങിയത് എന്ന് മുതലാണെന്ന് നിനക്കോര്‍മ്മയുണ്ടോ എന്ന് ഒരിക്കല്‍ ഞാന്‍ അവളോട്  ചോദിച്ചിരുന്നു. ഒരു ചിരി മാത്രമാണ് അവള്‍ അതിനു മറുപടി ആയി നല്‍കിയത്.
ഒരു തമാശയായി ചിരിച്ചു തള്ളിയിരുന്ന കൂട്ടുകാരുടെ കളിയാക്കലുകള്‍ താന്‍പോലും അറിയാതെ എന്നാണ് അവളോടുള്ള പ്രണയമായി വളര്‍ന്നതു എന്നെനിക്കറിയില്ല

      ഇതുപോലെ എത്ര സായഹ്ന്ന്നങ്ങള്‍ കടന്നുപ്പോയി? അവളോട് പറയണം എന്നു കരുതിയത് പറയാന്‍ കഴിയാതെ പോയ എത്ര നാളുകള്‍?
പറഞ്ഞാല്‍ ഈ  സൌഹൃദം മുറിഞ്ഞു പോകും എന്ന് ഭയന്നിട്ടാണോ? അതോ തന്‍റെ ദുരഭിമാനം ആയിരുന്നോ?അവളുടെ സൌഹൃദം തനിക്കെന്നും ഒരു അഹങ്കാരം ആയിരുന്നു. ഇനിയും എത്ര മാസങ്ങള്‍ ,അല്ലെങ്കില്‍ ദിവസങ്ങള്‍ അതോ ഈ സൂര്യാസ്തമനത്തോടെ എല്ലാം അവസാനിക്കുമോ?
      പൊങ്ങിയും താഴ്ന്നും തീരത്തോടടുക്കുന്ന തിരമാലകള്‍ക്കിടയില്‍ അവള്‍ക്കു എന്ത് ഭംഗി ആണ്. അവളുടെ വെളുത്ത പാവാട തിരയടിച്ചു നനഞ്ഞു മുട്ടോളം ഒട്ടിപിടിച്ചു മണ്ണ് പുരണ്ടിരിക്കുന്നു. കടല്‍ക്കാറ്റിനൊപ്പം അവളുടെ ചുരുളന്മുടിയിഴകള്‍ പറന്നു കളിചുകൊണ്ടിരുന്നു!.

      അവള്‍ അവന്ടെ അടുത്ത് വന്നിരുന്നു, അവന്‍ എഴുതിയിട്ട അവളുടെ പേരിനൊപ്പം അവള്‍ അവന്‍റെ പേര് കൂട്ടി ചേര്‍ത്തു. എന്നത്തേയും പോലെ അലസമായി അവന്‍റെ തോളില്‍ തല ചായ്ച്ചു. കൈയിനിടയിലൂടെ കൈയിട്ടു അവനോടു ചേര്‍ന്നിരുന്നു!. അവളുടെ മുടി ഇടയ്ക്കിടെ അവന്റെ മുഖത്ത് വന്നു ഇക്കിളികൂട്ടി, അരുണ കിരണങ്ങളില്‍ അവളുടെ കവിളുകള്‍ കുങ്കുമപൂ പോലെ തുടുത്തതായി തോന്നി.

      'നീ എന്താണ് ആലോചിക്കുനത്?' അവള്‍ ചോദിച്ചു
     
      'നിന്നെ കുറിച്ചോര്‍ക്കുകയായിരുന്നു'
           
      'എന്നെ കുറിച്ചോ?'

      'നമ്മുടെ ഈ കൂട്ടെന്നും ഇങ്ങനെ തന്നെ കാണും എന്ന് നിനക്ക് ഉറപ്പു നല്കാന്‍ ആകുമോ?'
     
      'ഉറപ്പു എന്ന വാക്ക് തന്നെ കള്ളമെല്ലെ?എത്ര ഉറപ്പുകള്‍ പാലിക്കപെടുന്നുണ്ട്?', അവളുടെ തത്വചിന്ത കേട്ടിട്ട് എനിക്ക് ദേഷ്യം ആണ് വന്നത്.
     
      'ഒരു ചോദ്യത്തിന്റെ മറുപടി മറ്റൊന്നല്ല', ഞാന്‍ ലേശം കടുപ്പിച്ച് പറഞ്ഞു

      'എന്നാല്‍ കേള്‍ക്കൂ, എന്‍റെ ജീവിതം എങ്ങനെ ജീവിക്കണം എന്ന സ്വാതന്ത്ര്യം എനിക്ക് ഉള്ളിടത്തോളം കാലം ഇതിങ്ങനെ തന്നെ നിലനില്ക്കും!'
     
      'അതു കഴിഞ്ഞാലോ?'

      'അത് കഴിഞ്ഞാല്‍ എന്ത്?', ഈ ചോദ്യോത്തരം അവളെ മുഷിപ്പിച്ചു എന്ന് തോന്നി

      'ഞാന്‍ നിനക്കാരാണ്?'
     
      'എന്റെ ഏറ്റവും അടുത്ത സുഹൃത്ത്', ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു.
     
      'ഒരു സുഹൃത്ത് എന്നതിനപ്പുറം ഞാന്‍ നിനക്കാരും  അല്ലെ? നിനക്കെനോട് പ്രണയമില്ലേ?'

അവന്‍റെ തോളില്‍ നിന്നും അവള്‍ തലയുയര്‍ത്തി, കൈവിടുവിച്ചു അവന്റെ മുഖത്തെക്കവള്‍ ചോദ്യ ഭാവത്തില്‍ നോക്കി, കേള്‍ക്കാന്‍ പാടില്ലാത്തത് എന്തോ കേട്ടത് പോലെ. അവര്‍ക്കിടയില്‍ നിഗൂഡമായ ഒരു നിശ്ശബ്ധത ഉടലെടുത്തു, അതില്‍ കടലിന്‍റെ ഗര്‍ജ്ജനം പോലും ഇല്ലാതെ ആയി.
      'എന്റെ പ്രണയത്തിനു നിന്‍റെ മുഖമോ സ്വരമോ മണമോ അല്ല, നീ എന്‍റെ സുഹൃത്താണ്'.
     
      'അതെന്തിനാവര്‍ത്തിക്കുന്നു?', എന്‍റെ മുഖം മാറിയിരുന്നു
     
      'നീ മറക്കാതിരിക്കാന്‍'
     
      'പക്ഷെ, എനിക്ക് നിന്നോട് പ്രേമമാണ്'
     
      'നിനക്ക് വട്ടാണ്!'
     
      'അതെ, പെണ്ണിന്‍റെ ജന്മം തന്നെ ആണിനെ ഭ്രാന്ത് പിടിപ്പിക്കാനാണല്ലോ?' എനിക്ക് ദേഷ്യം സഹിക്കുന്നുണ്ടായിരുന്നില്ല

      'ഏറെ വൈകി,ഞാന്‍ പോകുന്നു', അവള്‍ എണീറ്റ്  നടന്നിരുന്നു അപ്പോഴേക്കും.

      ഇനി ഒരിക്കലും അവള്‍ക്കു തന്‍റെ പഴയ നീലിമ ആകാന്‍ കഴിയില്ല, അവളൊരിക്കലും തന്‍റെതാകില്ല. അവള്‍ തന്ന ഉറപ്പിനു ഇത്രയേ ഉള്ളു ആയുസ്സ്.
     
      'ഇല്ല നീ എന്‍റെതു മാത്രമാണ്,എന്റെ സ്വന്തം നീലിമ'
മനസ്സില്‍ എന്തോ ഉറപ്പിച്ചു കൊണ്ടവന്‍ എണീറ്റു.

      പുറകെ  ചെന്നു അവളെ ബലമായി പിടിച്ചു തനിക്കഭിമുഖമായി നിര്‍ത്തി. ഇന്ന് വരെ കാണാത്തതെന്തോ അവന്‍റെ   കണ്ണുകളില്‍ അവള്‍ക്കനുഭവപ്പെട്ടു.
     
      'എന്നെ വിടു', കൈ കുടഞ്ഞു കൊണ്ടവള്‍ പറഞ്ഞു
     
      'നീ എനിക്കവകാശപെട്ടതാണ്'

      അവന്‍ അവളെ തന്നോടടുപ്പിച്ചു, അവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു!
     
      അവള്‍ അവനെ തള്ളിമാറ്റി, മുഖത്തടിച്ചു! അവളുടെ കുഴിഞ്ഞ കണ്ണുകള്‍ ഭയം കൊണ്ട് വികസിച്ചിരുന്നു!
     
      അവന്‍ അവളുടെ ചുരുണ്ട മുടി കുത്തി പിടിച്ചു തിരമാലകള്‍ക്കിടയിലേക്ക് വലിച്ചു കൊണ്ട് പോയി!
കൈകള്‍ കൊണ്ടവളുടെ മുഖം വെള്ളത്തില്‍ മുക്കി പിടിച്ചു. അവളുടെ കണ്ണുനീര്‍ തിരകളായി ആഞ്ഞടിച്ചു, അവളുടെ പ്രാണന്‍ കുമിളകളായി പൊങ്ങി വന്നു.

ഇനി അവളില്ല......

      അവന്‍ അവളെ വാരിയെടുത്ത് മണലില്‍ കിടത്തി, അവരെഴുതിയിട്ട പേരുകള്‍ അവിടെ മായാതെ കിടന്നിരുന്നു.

      മരണം അവളെ കൂടുതല്‍ സുന്ദരി ആക്കിയിരിക്കുന്നു, കണ്‍പീലികളില്‍ വെള്ളത്തുള്ളികള്‍ തിളങ്ങി.
നനഞ്ഞ മുഖത്ത് മണല്‍ തരികള്‍ പറ്റിപിടിച്ചിരിക്കുന്നു, അവന്‍ അവളുടെ മുടി വകഞ്ഞു മാറ്റി നെറുകയില്‍ ഒരുമ്മ കൊടുത്തു!. അവന്‍റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്അവളുടെ കവിളിലേക്ക് വീണു.

            അത് കണ്ടപ്പോള്‍ ആണ് താന്‍ കരയുകയാണെന്നു ബോധ്യം ഉണ്ടായത്. അല്ലെങ്കില്‍ ഞാന്‍ എന്തിനു കരയുന്നു?. ഇനി എന്‍റെ ഊഴമല്ലേ? നിന്നോടോത്തു ചേരാനുള്ള എന്‍റെ ഊഴം?
      നാളെ പത്രങ്ങള്‍ നമ്മളെ കമിതാക്കളെന്നു വിളിക്കും, നീ  നിരസിച്ച എന്‍റെ പ്രണയം ലോകം അംഗീകരിക്കും, നിന്‍റെ കാമുകന്‍ എന്ന് എന്നെ വാഴ്ത്തും..

സന്ധ്യ മയങ്ങുന്നു.......

      ഏതോ മരണ ചിത്രത്തിനായി ഒരുക്കി വെച്ച ച്ഛായകൂട്ട് പോലെ കടലിനു കറുപ്പ് കലര്‍ന്ന ചുവപ്പ് നിറമായിരിക്കുന്നു.
         
          സൂര്യ ദേവാ, കടലിന്‍റെ സതീര്‍ദ്യ, എനിക്കും അവള്‍ക്കും, ഞങ്ങളുടെ പ്രണയത്തിനും നീ മാത്രമാണ് സാക്ഷി, ഇന്ന് നിന്നോടൊത്ത് കടലിന്‍റെ അഗാധതയിലേക്ക് ഞങ്ങളും ഉണ്ട്!
      എന്‍റെയും അവളുടെയും ആത്മാകള്‍ ഈ കടലില്‍ ഒത്തു ചേരട്ടെ. തിരമാലകള്‍ക്കിടയില്‍ എല്ലാ സായാഹ്ന്നങ്ങളിലും ഞങ്ങളുടെ പൊട്ടിച്ചിരികള്‍ പ്രതിദ്വനിക്കട്ടെ....................


 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates