മുഖങ്ങള്‍...

 വീട്ടു  പടിക്കല്‍ അയാള്‍ വന്നുനിന്നു. തലയ്ക്കു മീതെ സൂര്യന്‍  കത്തിജ്വലിക്കുന്നുണ്ട് ,ഗേറ്റിന്റെ കരകരപ്പു കേട്ടിട്ടോ എന്തോ,  സൈറ ഓടി വന്നു വാതില്കല്‍ നിന്നെത്തി നോക്കി. നരച്ച താടിയും മുഷിഞ്ഞ വന്സ്ത്രവും  ഇട്ട ഒരാള്‍. അയാള്‍ അവളോടെന്തോ   ചോദിക്കാനായി തുനിഞ്ഞപ്പോള്‍, പുറകോട്ടു തിരിഞ്ഞു നോക്കികൊണ്ട്‌ കുട്ടി ഉടുപ്പിട്ട ആ   7 വയസുകാരി വീടിനുള്ളിലേക്ക്  ഓടി മറഞ്ഞു.
അയാളുടെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞിരുന്നു, ഇടയ്ക്കിടെ  കണ്ണുകള്‍ ഇറുക്കി പിടിച്ചു കൊണ്ടയാള്‍ സൂര്യനെ നോക്കി കൈമുട്ടുകള്‍ കൊണ്ട് വിയര്‍പ്പു തുടച്ചു കൊണ്ടിരുന്നു.
തിരിഞ്ഞു നടക്കാനായി ഭാവിച്ചപ്പോള്‍, അമ്മകോഴിയുടെ തണലില്‍ കോഴികുഞ്ഞിനെ പോലെ 30 വയസു പ്രായം വരുന്ന ഒരു സ്ത്രീയുടെ സാരി തലപ്പില്‍ മുഖം ഒളിപിച്ചു കൊണ്ട്   വീണ്ടും അവള്‍ പ്രത്യക്ഷപെട്ടു. ഇടയ്ക്കിടെ തല പുറത്തോട്ടിട്ടു അയാളുടെ നെഞ്ചോളം നീണ്ടു കിടന്നിരുന്ന  താടി അവള്‍ മിഴിച്ചു നോക്കി , അവളുടെ അറിവില്‍ അവളുടെ  അപ്പൂപ്പന് മാത്രമേ വെഞ്ചാമരം പോലെ തൂവെള്ള നിറമുള്ള താടിയും  ഉണ്ടായിരുന്നുള്ളു. അപ്പൂപ്പന്‍ ഇടയ്കിടെ കത്രിക കൊണ്ട് അതിന്‍റെ അറ്റം വെട്ടി കളയുന്നതും  അവള്‍ കാണാറുണ്ടായിരുന്നു. ഇന്ന് അവളുടെ അപ്പൂപ്പന്‍ ഇല്ല. ഒരു ദിവസം ഉറങ്ങാന്‍ കിടന്ന അപ്പുപ്പന്‍ പിന്നെ ഒരിക്കലും എഴുന്നേറ്റില്ല.
അമ്മ അയാള്‍ക്ക് കുറച്ചു തുണികളും ഭക്ഷണവും പിന്നെ അല്ലറ ചില്ലറ എന്തൊക്കെയോ കൊടുത്തയച്ചു. പോകാന്‍ നേരം അവളെ നോക്കി അയാള്‍ ചെറുതായി  ചിരിച്ചപ്പോള്‍  മുഖം വീര്‍പ്പിച്ച് അവള്‍  അമ്മയുടെ സാരി തലപ്പിനുള്ളിലേക്ക് വീണ്ടും മറഞ്ഞു .
അയാള്‍ വീട്ടിലെ  സ്ഥിരം സന്ദര്‍ശകനായി മാറി, തേങ്ങ പൊതിക്കാനും പറമ്പ് വൃത്തിയാക്കാനുമെല്ലാം അയാള്‍ വരും.  സൈറയുടെ ഒറ്റപെട്ട ജീവിതത്തില്‍ അവള്‍ക്ക് അയാള്‍ ഒരു കളികൂട്ടുകരനായി മാറി. അവള്‍ ഇന്നു വരെ കാണാതിരുന്ന കൌതുക വസ്തുക്കള്‍ ഓരോ വരവിലും അയാള്‍ അവള്‍ക്കു   സമ്മാനമായി നല്‍കി. അയാളുടെ തലവട്ടം പടിക്കല്‍  കാണേണ്ട നിമിഷം അവള്‍ ഓടി ചെന്നയാളുടെ  മുറുക്കി അടച്ചിരുന്ന കൈകള്‍ തുറക്കാനായി  ശ്രമിക്കും. ചിലപ്പോള്‍ പുളിങ്കുരു , അല്ലെങ്കില്‍ കുന്നിക്കുരു. അതുമല്ലെങ്കില്‍  അവരൊന്നിച്ചു വീടിനു മുന്നിലിരുന്നു ഓലപന്തുണ്ടാക്കിയും മച്ചിങ്ങ കൊണ്ട് കമ്മലുണ്ടാക്കിയും  ,തുമ്പ  പൂ കൊണ്ടരയന്നങ്ങള്‍  ഉണ്ടാക്കി അവള്‍ക് മുന്‍പില്‍ അയാള്‍ ഒരു വലിയ ലോകം തന്നെ തുറന്നു കൊടുത്തു.
അവള്‍ക്ക് അയാള്‍ വെള്ളത്താടി അപ്പുപ്പന്‍ ആയിരുന്നു, അയാള്‍ക് അവള്‍ അമ്മുകുട്ടിയും. അയാളോടവള്‍ അവളുടെ സ്കൂളിലെ പിണക്കങ്ങളും പരഭവങ്ങളും എല്ലാം കൊഞ്ചി കൊഞ്ചി നിരത്തും, ഇടയ്ക്ക് താടിയില്‍ പിടിച്ചു വലിക്കും. താടി പിടിച്ചു അവളുടെ തലയ്ക്കു മുകളില്‍ വെച്ച് അവളുടെ മുടിക്ക് നീളം വെച്ചു എന്ന് പറഞ്ഞു ചിരിക്കും!
വെള്ള താടി അപ്പുപ്പന്‍ അവളോട്‌ പറയുന്നതൊന്നും അവള്‍ക് മനസ്സിലാവാറില്ലായിരുന്നു ,ഒരുപാടു സംസാരിച്ചു കഴിയുമ്പോള്‍ അപ്പുപ്പന്‍റെ കണ്ണുകള്‍ നനയുന്നത് കാണാം, അവള്‍ അവളുടെ കുഞ്ഞു കൈകള്‍ കൊണ്ട് കണ്ണ് തുടച്ചു കൊടുക്കും.
ബാല്യം !! ബാല്യത്തില്‍ സ്നേഹമാണ് സൌഹൃദത്തിന്‍റെ അളവുകോല്‍. ഭയവും വെറുപ്പും ഇല്ലാത്ത ലോകമാണ് ബാല്യം. ബാല്യത്തില്‍ നിന്ന് കൌമാരത്തിലേക്ക് കടക്കുമ്പോള്‍  സൌഹൃദത്തിന്‍റെ രൂപവും ഭാവവും മാറുന്നു. കൌമാരം ഭയവും, വെറുപ്പും, അഹങ്കാരവും പരിചയപെടുത്തുന്നു. സൈറയും കൌമാരത്തിലേക്ക് കാലൂന്നി..
വെള്ളത്താടി അപ്പുപ്പന്‍റെ താടി ഇപ്പോള്‍ കുറച്ചേറെ നീണ്ടിരുന്നു, ശരീരം ശോഷിച്ചു, ലേശം കൂനി തുടങ്ങിയിരുന്നു,വസ്ത്രം മഞ്ഞിച്ചതും  കരിമ്ബനടിച്ചും ഉണങ്ങിയ വിയര്‍പ്പിണ്ടേ ഗന്ധമുള്ളതും ആയി. അവള്‍ക്കിപ്പോള്‍ അയാളോട് വെറുപ്പായിരുന്നു. "അമ്മുക്കുട്ടീ"   എന്നയാള്‍ ദയനീയമായി വിളിക്കുമ്പോള്‍, അയാള്‍ക് മുന്നിലേക്ക്‌ അവള്‍  പാത്രം  നിരക്കി വെച്ച് പിറുപിറുക്കും
" നാശം! എപ്പോഴെങ്കിലും കുളിച്ചുടെ ഇയാള്‍ക്" .
പിന്നെ പിന്നെ അയാള്‍ വരാതെ ആയി.ഇടയ്ക്കിടെ വീടിനു മുന്നിലുടെ പോകുമ്പോള്‍ ഒന്ന് എത്തി നോക്കും അത്ര തന്നെ. അല്ലെങ്കില്‍ സൈറ സാധങ്ങള്‍  വാങ്ങാനായി കടയില്‍ പോകുമ്പോള്‍ കടത്തിണ്ണയില്‍  ഒരു ശോഷിച്ച രൂപം ചുരുണ്ട് കൂടി ഇരിക്കുന്നത്  കാണും. അയാളുടെ ജട പിടിച്ച താടിയും മുടിയും കാലിലേയും കയ്യിലേയും  വ്രണങ്ങളും    കാണുമ്പോള്‍ അവള്‍ അയാളെ പുച്ഛത്തോടെ നോക്കി മുഖം തിരിക്കും. അയാള്‍ അവളെ നോക്കി ചിരിക്കാന്‍ വ്യഥാ ശ്രമിക്കും. സൈറയുടെ രൂപവും ഭാവവും സുഹൃത്തുക്കളും എല്ലാം മാറി..
അയാള്‍ അവളുടെ ജീവിതത്തിലെ ഒരു മങ്ങിയ ഓര്‍മ മാത്രമായിമാറി
 കാറ്റ് മറിച്ചിട്ട പത്രതാളുകളില്‍ അവളുടെ കണ്ണുകള്‍ ഉടക്കി.എവിടെയോ കണ്ടു മറന്ന വെള്ളത്താടി.മുഖം. അത്ര വ്യക്തമല്ല.
"അഞ്ജാത ശവം"
'കഴിഞ്ഞ ദിവസം ജില്ല ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍  ബോധരഹിതനായി  നാട്ടുകാര്‍ പ്രവേശിപ്പിച്ച  അന്ജതാതന്‍  അന്തരിച്ചു. ബന്ധുക്കള്‍ വരുന്നത് വരെ പ്രേതം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നതാണ്.'
 അതെ!, അവളുടെ പഴയ കളിക്കൂട്ടുകാരനായിരുന്ന വെള്ളത്താടി അപ്പുപ്പന്‍. നെഞ്ചില്‍ എവിടെയോ ഒരു ഭാരം, താന്‍ കരയുകയാണോ? നെറ്റിയില്‍ വിയര്‍പ്പു പൊടിയുന്നു.
ആ പത്രത്താള്‍ മുറുകെ പിടിച്ച് കൊണ്ടവള്‍ തന്ടെ മുറിയിലേക്കോടി, പഴയ പുസ്തകങ്ങള്‍ വെച്ച കാര്‍ഡ്ബോര്‍ഡ് പെട്ടി മറിച്ചിട്ടു. ചിതറി കിടന്ന പുസ്തകങ്ങള്‍കിടയില്‍,  തുരുമ്പിച്ച ഒരു ജ്യോമട്രിക്ക് ബോക്സില്‍ അവള്‍ നിധി പോലെ സൂക്ഷിച്ചിരുന്ന കൊച്ചു കൊച്ചു സമ്മാനങ്ങള്‍. ആ കുന്നികുരുവിന്‍റെ നിറം മങ്ങിയിരുന്നോ? അതിനു ഇന്നും ചോരയുടെ ചുവപ്പുണ്ടോ??
ആത്മാവില്ലാത്ത  അവളുടെ വെള്ളത്താടി അപ്പുപ്പന്‍! അവള്‍ക്കുച്ചുറ്റും ഈ ജ്യോമട്രിക്ക് പെട്ടിക്കുള്ളില്‍ നിന്ന് അപ്പുപ്പന്‍റെ ആത്മാവ് അവളെ "അമ്മുകുട്ടി" എന്ന് വിളിക്കുന്നതായി തോന്നി ..ആ വിളിയില്‍ അവള്‍ കാണാതെ പോയ ശുന്യത മണത്തു..
ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ഒരുപാടു പ്രേതങ്ങള്‍ക്കിടയിലെ വിളര്‍ത്തു വിറങ്ങലിച്ച  ഒരു അനാഥ പ്രേതമാണ്‌ അവളുടെ താടി അപ്പുപ്പന്‍.
ഭുമിയില്‍ ജീവിക്കുന്നവരെല്ലാം  ബന്ധങ്ങളാല്‍ ബന്ധിതരാണ്, എന്നിട്ടും എന്തുകൊണ്ടാണ്  ഈ അഞ്ജാത ശവങ്ങള്‍? അവള്‍ ആ തകര പെട്ടി നെഞ്ചോടു ചേര്‍ത്ത് എങ്ങുകയായിരുന്നു...
ഞാന്‍ എന്തിനു  വളര്‍ന്നു?? എത്ര സുന്ദരമായിരുന്നു എന്റെ ബാല്യം...
........അമ്മുകുട്ടീ........
 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates